Copyright © 2025 IPH Books. All Rights Reserved

Author
1 book
ഖുര്‍റം മുറാദ് ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനും പ്രബോധകനും ഗ്രന്ഥകാരനുമായിരുന്നു ഖുര്‍റം മുറാദ്. ജീവിതം ഇസ്ലാമിനുവേണ്ടി ഉഴിഞ്ഞുവെച്ച, സമര്‍പ്പിതമനസ്കരായ അപൂര്‍വം വ്യക്തിത്വങ്ങളിലൊരാള്‍. ഇസ്ലാമിക പ്രബോധനാവശ്യാര്‍ഥം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ ചുറ്റിനടന്ന കര്‍മയോഗി. ഖുര്‍ആനോട് അനുരാഗാത്മകവും വികാരസാന്ദ്രവുമായ ഹൃദയബന്ധം കാത്തുസൂക്ഷിച്ച്, ഖുര്‍ആനിലൂടെ, ഖുര്ആനുവേണ്ടി ജീവിച്ച തികഞ്ഞ ദൈവഭക്തനും ജ്ഞാനയോഗിയും. ത്യാഗപൂര്‍ണവും വിസ്മയജനകവുമായ ജീവിതമായിരുന്നു അത്. നീണ്ടകാലം ഹൃദ്രോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം. എന്നാല്‍ തീവ്രവേദനകളോ കഠിനരോഗങ്ങളോ തന്റെ കര്മപാതയില്നിന്ന് അദ്ദേഹത്തെ ലവലേശവും പിന്നോട്ടടിപ്പിച്ചിരുന്നില്ല. ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ക്കും നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ക്കും മുമ്പാകെ അവയൊന്നും തെല്ലും വിഘാതം സൃഷ്ടിച്ചതുമില്ല. പൊള്ളിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളും മഥിക്കുന്ന സ്വകാര്യ ദുഃഖങ്ങളും പ്രബോധനജീവിതത്തിലെ പ്രയാസങ്ങളും മുഴുക്കെ ഒരു ചെറുപുഞ്ചിരിയിലും സ്നേഹമസൃണമായ പെരുമാറ്റങ്ങളിലും ഒളിപ്പിച്ചുവെക്കാനുള്ള അസാമാന്യ സിദ്ധിവിശേഷവും ദൈവാനുഗ്രഹവും ഖുര്റംമുറാദില് സമന്വയിച്ചിരുന്നു. അചഞ്ചലവും ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയതുമായ ദൈവവിശ്വാസവും അങ്ങേയറ്റത്തെ ദീനീ പ്രതിബദ്ധതയുമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 1996 ഡിസംബര്‍ 19 വ്യാഴാഴ്ച, 64-ാം വയസ്സില്‍, ബ്രിട്ടനിലെ ലീസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍, മൂന്നാമത്തെ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ഖുര്‍റം മുറാദ് അല്ലാഹുവിലേക്ക് യാത്രയായി. 1932-ല്‍ മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് റായ്സെനിലാണ് അദ്ദേഹം ജനിച്ചത്. ഭോപ്പാലിലെ ജഹാംഗീരിയ്യ സ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസ്സായി. ഹമീദിയ്യാ കോളേജില്‍ ബിരുദ വിദ്യാര്ഥിയായിചേര്ന്നെങ്കിലും രാഷ്ട്രീയ കാലാവസ്ഥയുടെ പ്രാതികൂല്യം കാരണമായി പഠനം പൂര്‍ത്തീകരിക്കാനായില്ല. ഇന്ത്യാ-പാക് വിഭജനാനന്തരം 1948-ല്‍ പാകിസ്താനിലേക്ക് ചേക്കേറിയ ഖുര്റംസാഹിബിന്റെ കുടുംബത്തിന് അഭയമോ കിടപ്പാടമോ ലഭിക്കാതെ രണ്ടു മാസത്തോളം തികഞ്ഞ നിസ്സഹായാവസ്ഥയില്‍ അലഞ്ഞുതിരിയേണ്ടിവന്നു. അലച്ചിലിനൊടുവില്‍ ജമാഅത്തുകേന്ദ്രവും പ്രവര്‍ത്തകരുമായി സന്ധിക്കാനായതുമുതല് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പ്രസ്ഥാനവുമായി നേരത്തെ ബന്ധമുള്ളവരായിരുന്നു. അതിനിടെ, കറാച്ചിയിലെ എം.ഡി. കോളേജില്‍നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. പിന്നീട് ഉപരിപഠനാര്‍ഥം അമേരിക്കയിലേക്കു പോയ ഖുര്‍റം മുറാദ്, 1957-ല്‍ മിനസോട്ടാ യൂണിവേഴ്സിറ്റിയില്‍നിന്ന് ഉന്നത റാങ്കോടെ എം.എസ്.സി. പാസ്സായി. 1959-ല്‍ പാകിസ്താനില്‍ തിരിച്ചെത്തി. പ്രഗല്ഭനായ എഞ്ചിനീയറായിരുന്ന ഖുര്‍റം മുറാദ് മക്കയിലെ മസ്ജിദുല്ഹറമിന്റേതടക്കം നിരവധി പ്രമുഖ നിര്‍മാണജോലികളില്‍ പങ്കാളിയായിട്ടുണ്ട്. സ്വകാര്യ കമ്പനിയില്‍ ജോലി നേടിയ അദ്ദേഹം ധാക്ക, സുഊദി അറേബ്യ, തെഹ്റാന് എന്നിവിടങ്ങളില്‍ കമ്പനിക്കുവേണ്ടി ജോലി നോക്കി. ഔദ്യോഗിക ജോലി നിര്‍വഹണത്തിനിടയിലും പ്രബോധന-പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ബംഗ്ലാദേശ് വിമോചന സമരത്തെത്തുടര്‍ന്ന് 1971-ല്‍ ഇന്ത്യന്‍ യുദ്ധക്യാമ്പില്‍ രണ്ടു വര്‍ഷത്തിലേറെ തടവില്‍ കഴിയേണ്ടിവന്നു. ഖുര്റമിന് കഠിനമായ മാനസിക പീഡനങ്ങളേല്‍ക്കേണ്ടിവന്ന, ജീവിതത്തിലെ കറുത്ത നാളുകളായിരുന്നു അത്. എന്നാല്‍, ഇത്തരം പീഡാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഈമാനിക ശക്തിയെ വളര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. 1974-ലാണ് അദ്ദേഹം ജയില്‍ മോചിതനായത്. പ്രസ്ഥാനത്തില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട് ഖുര്റംമുറാദ്. 1951-ല്‍ പാകിസ്താന് ജമാഅത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ ജംഇയ്യത്തുത്ത്വലബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 1963-70-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ ധാക്കാ അമീറും 1987-89-ല്‍ ലാഹോര്‍ അമീറും 1963-ല്‍ കേന്ദ്ര ശൂറാംഗവുമായി. മരിക്കുമ്പോള്‍ പാക് ജമാഅത്തിന്റെ അസിസ്റ്റന്റ് അമീറുമാരിലൊരാളായിരുന്നു. പ്രാസ്ഥാനിക പ്രവര്‍ത്തന മേഖലയിലും വലിയ നേട്ടങ്ങളാണ് അദ്ദേഹം കൊയ്തെടുത്തത്. പാകിസ്താനില്‍ ഇസ്ലാമിന്റെ പരമാധികാരം ആവശ്യപ്പെടുന്ന നയ പ്രഖ്യാപനരേഖയില്‍ ശൈഖ് മുജീബുര്‍റഹ്മാനെയും, മൗലാനാ ബാശാനിയെയും ഒപ്പുവെപ്പിക്കാന്‍ ഖുര്റംസാഹിബിന് കഴിഞ്ഞത് അതുല്യനേട്ടമായി വിലയിരുത്തപ്പെടുന്നു. പ്രൊഫ. ഖുര്‍ശിദ് അഹ്മദ് സ്ഥാനമൊഴിഞ്ഞപ്പോള്‍, ബ്രിട്ടനിലെ ലീസ്റ്റര്‍ ആസ്ഥാനമായുള്ള ഇസ്ലാമിക് ഫൗണ്ടേഷന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് ഖുര്റമായിരുന്നു. ഇരുവരും മൗദൂദീസ്കൂളില്നിന്ന് പുറത്തിറങ്ങിയ അത്യുജ്ജ്വല പ്രതിഭകളും. 1978 മുതല്‍ 86 വരെ ഖുര്‍റം സാഹിബ് പ്രസ്തുത സ്ഥാനത്ത് തുടര്‍ന്നു. ഫൗണ്ടേഷന് വിലപ്പെട്ട സേവനങ്ങളാണദ്ദേഹം അര്‍പ്പിച്ചത്. മുസ്ലിംവേള്‍ഡ് ബുക്റിവ്യൂ എന്ന കിടയറ്റ പ്രസിദ്ധീകരണം അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലാണ് പുറത്തിറങ്ങിയിരുന്നത്. ലണ്ടനില്‍നിന്ന് പാകിസ്താനില്‍ തിരിച്ചെത്തിയ ഖുര്‍റം, തര്ജുമാനുല്ഖുര്ആന്റെ പത്രാധിപത്യമേറ്റെടുക്കുകയും തര്ജുമാനെ അതിന്റെ പൂര്‍വ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോവുകയും ചെയ്തു. ചെറുതും വലുതുമായി 112 പുസ്തകങ്ങള്‍ ഉര്‍ദുവിലും 20 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും അദ്ദേഹത്തിന്റേതായുണ്ട്. 'ഇസ്ലാമിക പ്രവര്‍ത്തകരുടെ പരസ്പര ബന്ധങ്ങള്‍', 'ഖുര്‍ആനിലേക്കുള്ള പാത', 'വസ്വിയ്യത്ത്' എന്നീ കൃതികള്‍ ഐ.പി.എച്ച് നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തികഞ്ഞ ഇസ്ലാമികപ്രതിബദ്ധതയും പ്രാതികൂല്യങ്ങളെ വകവെക്കാത്ത കര്മോത്സുകതയുമായിരുന്നു ഖുര്റംമുറാദിന്റെ ജീവിതത്തിന്റെ ആകത്തുക. അദ്ദേഹത്തെ അതുല്യനാക്കുന്നതും ഈ സവിശേഷതയാണ്. ഹൃദയത്തിന്റെ ഭാഷയിലാണ് അദ്ദേഹം എഴുതിയതും സംവദിച്ചതുമെല്ലാം. അതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ രചനകള്‍. അല്ലാഹു അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്കുമാറാകട്ടെ. അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ -ആമീന്‍